Kodiyathur

പ്രവേശനോത്സവത്തിൽ താരങ്ങളായി അഭിനന്ദും അഭിനവും

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ സംഘടിപ്പിച്ച പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി. ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളെയാണ് സ്കൂൾ ക്യാമ്പസിൽ പൂച്ചെണ്ടുകളും മധുരങ്ങളും നൽകി സ്വീകരിച്ചത്.

പുതിയ പഠന ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികളുമായി സംവദിച്ച അവർ, ഇന്ന് രക്ഷിതാക്കളുടെ കൈപിടിച്ചെത്തുന്ന ഈ കുട്ടികളെ രണ്ട് വർഷങ്ങൾക്കുശേഷം അറിവിലും വ്യക്തിത്വത്തിലും മൂല്യബോധത്തിലും കൂടുതൽ മികവുറ്റവരാക്കി സമൂഹത്തിന് തിരിച്ചേൽപ്പിക്കുമെന്ന ആത്മവിശ്വാസവും ഉറപ്പും രക്ഷിതാക്കൾക്ക് നൽകി.

ചടങ്ങിന്റെ ഭാഗമായി പ്രമുഖ ഗായകൻ നൗഷാദ് നൗഷിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാനവിരുന്ന് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. സംഗീത വിരുന്നിൽ കുട്ടികൾ ആവേശപൂർവം പങ്കുചേർന്നു.

പ്രവേശനോത്സവത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായിരുന്നു രണ്ടാം വർഷ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഒരുക്കിയ മികവാർന്ന ഫുഡ് ഫെസ്റ്റ്. സീനിയർ വിദ്യാർത്ഥികൾ സ്നേഹത്തോടെ ഒരുക്കിയ വൈവിധ്യമാർന്ന വിഭവങ്ങൾ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഹൃദ്യമായ സ്വീകരണമായി മാറി. സൗഹൃദവും പങ്കുവെക്കലും കൂട്ടായ്മയും ഊട്ടിയുറപ്പിച്ച ഫുഡ് ഫെസ്റ്റിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണയും ലഭിച്ചു.

ഹയർ സെക്കൻഡറി പ്രവേശനോത്സവംപി.ടി.എ പ്രസിഡന്റ് എസ്.എ നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഫസീല ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിദ്യാർഥികളായ അഭിനന്ദിനും അഭിനവിനും രക്ഷിതാവ് ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ പൂച്ചെണ്ടുകൾ നൽകി വിദ്യാലയത്തിലേക്ക് ആനയിച്ചു.

പഞ്ചായത്ത് മെമ്പർ അഹമ്മദ് കുട്ടി, പ്രിൻസിപ്പൽ പി.ടി ഇസ്മായിൽ, ഹെഡ്മാസ്റ്റർ കെ.പി മുഹമ്മദ്, പി.സി അബൂബക്കർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറിമാരായ കെ.പി സലീം, നവാസ്, സലീം കൊളായി, സി.പി സഹിർ, ഫഹദ് ചെറുവാടി, ഇർഷാദ് ഖാൻ, പിടിഎ അംഗങ്ങളായ റുക്സാന, മുജീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശംസകൾ നേർന്നു.

വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ഒരുമിച്ച് പങ്കാളികളായ പ്രവേശനോത്സവം പുതിയ അധ്യയന വർഷത്തിന് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന തുടക്കമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button