Mukkam

നിർമാണം മന്ദഗതിയിൽ, യാത്രക്കാർ ദുരിതത്തിൽ

മുക്കം : തിരുവമ്പാടി- ആനക്കാംപൊയിൽ-മറിപ്പുഴ റോഡ് നവീകരണം മന്ദഗതിയിലായതോടെ യാത്രക്കാർ ദുരിതത്തിൽ. കുഴിയും വെള്ളക്കെട്ടുമായി തകർന്ന് തരിപ്പണമായ റോഡിലൂടെ കാൽനട യാത്രപോലും ദുസ്സഹമായ അവസ്ഥയിലാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 108.3 കോടി രൂപ ചെലവിൽ രണ്ടുവർഷം മുൻപ് ആരംഭിച്ച റോഡിെൻറ നവീകരണ പ്രവൃത്തി എങ്ങുമെത്തിയില്ലെന്ന് മുത്തപ്പൻപുഴ നിവാസികൾ പറയുന്നു.

തുരങ്കപാത നിർമാണം പുരോഗമിക്കുന്ന മറിപ്പുഴ ഭാഗത്തുനിന്ന് തിരുവമ്പാടിയിലെത്താനുള്ള ഏകമാർഗമാണ് ഈ റോഡ്. മലയോര മേഖലയിൽ തുടരുന്ന ശക്തമായ മഴയിലും തുരങ്കപാത പദ്ധതി പ്രദേശത്തും അത്യാഹിതങ്ങളുണ്ടായാൽ രക്ഷാ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കും. നിർമാണ പ്രവൃത്തിയുടെ ഭാഗമായി ചിലയിടങ്ങളിൽ ഓവുചാലും കലുങ്കുകളും നിർമിച്ചതല്ലാതെ മറ്റു പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. റോഡിന് ഇരുവശത്തും രണ്ടടിയോളം ഉയരത്തിൽ ഓവുചാലിനായി കോൺക്രീറ്റ് ഭിത്തികൾ സ്ഥാപിച്ചതോടെ വീടുകളിലേക്ക് വാഹനം കയറ്റാനാകാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.

ഉരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. പലതവണ കരാറുകാരെ ബന്ധപ്പെട്ടെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്നും നാലടിയോളം ആഴത്തിൽ നിർമിച്ചിരിക്കുന്ന ഓവുചാലിന് മുകളിൽ സ്ലാബുകൾ സ്ഥാപിക്കാത്തത് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ സുരക്ഷാ ഭീഷണിയാണെന്നും നാട്ടുകാർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button