Mukkam

ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ ജനപ്രതിനിധികളായ പൂർവ്വ വിദ്യാർത്ഥികൾക്ക് കലാലയത്തിൻ്റെ ആദരം

മുക്കം:ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന് ജനപ്രതിനിധികളായി ഉയര്‍ന്ന പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്ക് കലാലയത്തിന്റെ ആദരം.

മുക്കം എം.എ.എം.ഒ. കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികളായ തിരുവമ്പാടി എം.എല്‍.എ. സി.കെ. കാസിം, കൊടുവള്ളി എം.എല്‍.എ. പി.കെ. ഫിറോസ് എന്നിവര്‍ക്കാണ് കോളേജ് മാനേജ്മെൻ്റും പി.ടി.എ.യും പൂർവ വിദ്യാർത്ഥി കൂട്ടായ്മയും ചേര്‍ന്ന് ഹൃദ്യമായ സ്വീകരണം ഒരുക്കിയത്.

എം.എം.ഒ. ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സി.ഇ.ഒ. വി.അബ്ദുള്ള കോയ ഹാജി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ വി. മോയി ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിന്‍സിപ്പാള്‍ ഡോ. ഇ.കെ. സാജിദ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. തിരുവമ്പാടി, കൊടുവള്ളി നിയോജക മണ്ഡലം ജനപ്രതിനിധികളായ സി.കെ. കാസിമും പി.കെ. ഫിറോസും മറുപടി പ്രഭാഷണം നടത്തി. ദേശീയ ഫുട്‌ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അന്തർദേശീയ മത്സരത്തിൽ ഇന്ത്യക്കു വേണ്ടി കളിക്കുകയും ചെയ്ത കോളേജ് ഫുട്ബോൾ ടീം താരം നൗഫലിനെയും, ദേശീയ, അന്തർദേശീയ കായിക മത്സരങ്ങളിൽ മികച്ച നേട്ടങ്ങള്‍ കൈവരിച്ച കായിക താരങ്ങളെയും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ഒപ്പന ടീം അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.

ഗ്ലോബല്‍ അലുംനി അസോസിയേഷന്‍ പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ലോകകപ്പ് പ്രവചന മത്സര വിജയികള്‍ക്കുള്ള സമ്മാനവും കൈമാറി. കൂടാതെ, കോളേജ് മാഗസിന്‍ കവര്‍ പ്രകാശനം സി.കെ കാസിം, പി.കെ ഫിറോസ് എന്നിവർ ചേർന്ന് നിര്‍വ്വഹിച്ചു. അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അനസ് എടാരത്ത്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് കൊളായി, ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ ഒ.എം. അബ്ദുറഹിമാന്‍, സ്റ്റാഫ് അഡൈ്വസര്‍ കെ.എച്ച്. ശുക്കൂര്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഡോ. അജ്മല്‍ മുഈന്‍, കോളേജ് സൂപ്രണ്ട് ബഷീര്‍ തട്ടാഞ്ചേരി, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് യാസീന്‍, നിസാര്‍ ഇല്‍തുമിഷ് എന്നിവര്‍ സംസാരിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് നടുക്കണ്ടി അബൂബക്കര്‍ സ്വാഗതവും പി.ടി.എ. സെക്രട്ടറി വി. ഇര്‍ഷാദ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button