Mukkam

മുക്കം ടൗൺ സൗന്ദര്യവൽക്കരണത്തിലെ അശാസ്ത്രീയതയും മെല്ലെപ്പോക്കും; എം എൽ എയുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ പരിശോധന നടത്തി

മുക്കം: മുക്കം ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതും പ്രവൃത്തിയിലെ അശാസ്ത്രീയതയും മൂലം വ്യാപാരികളും യാത്രക്കാരും ഉൾപ്പെടെ വലിയ ദുരിതത്തിലായ സാഹചര്യത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് പരിശോധന നടത്തി. സി.കെ കാസിം എം എൽ എയുടെ നിർദ്ദേശപ്രകാരമാണ് പുതുതായി ചുമതലയേറ്റ പൊതുമരാമത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ എം.സജു, ഓവർസിയർ കെ.ബിജു എന്നിവർ കരാറുകാരനോടൊപ്പം പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്.

മുക്കം എസ്.കെ പാർക്ക്പരിസരം, ഓർഫനേജ് റോഡ്‌, പുതിയ സ്റ്റാൻ്റ് പരിസരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സംഘം കരാറുകാരന് ആവശ്യമായ നിർദ്ദേശങ്ങളും നൽകി. 5 കോടി രൂപയുടെ സൗന്ദര്യ വൽക്കരണം രണ്ടാം ഘട്ടം തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. 7 കോടിയോളം രൂപ ചെലവഴിച്ചായിരുന്നു ഒന്നാം ഘട്ടം. അങ്ങാടിയുടെ വിവിധ ഭാഗങ്ങളിൽ ഇൻ്റർലോക്ക് കട്ടകൾ പാകുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.

രണ്ടാം ഘട്ടത്തിൽ ആലിൻചുവട് മുതൽ മുക്കം കടവ് വരെയും പഴയ ബസ് സ്റ്റാൻഡ് പരിസരം മുതൽ പുതിയ ബസ് സ്റ്റാൻഡ് പരിസരം വരേയും ബൈപാസിലുമാണ് കട്ടകൾ പാകുന്നത്. പാകിയ പുട്ടുകട്ടകൾ തകരുന്നതിനാലും നേരാം വണ്ണം അല്ലാത്തതിനാലും വീണ്ടും കുത്തിപ്പൊളിച്ച് പുതിയവ പാകുകയാണ്. ഇങ്ങനെ മൂന്ന് തവണയാണ് ഓർഫ നേജ് റോഡിൽ മാത്രം ചെയ്തത്. ഇനിയും പൊളിച്ചു വീണ്ടും പാകാനുള്ള ഒരുക്കത്തിലാണ്. ഇതിനായി കട്ടകൾ വീണ്ടും പലയിടങ്ങളിലും ഇറക്കിയിട്ടുണ്ട്.

റോഡരികിൽ വൈദ്യുതി പോസ്‌റ്റുകൾ സ്‌ഥാപിച്ച് വൈദ്യുതീകരണ പ്രവൃത്തികൾ അടക്കം നടത്താനുണ്ട്. ചെടികളും നട്ടു പിടിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ മാസം സി.കെ.കാസിം എംഎൽഎയുടെ നേത്യത്വത്തിൽ നഗരസഭയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രവൃത്തി സന്ദർശിച്ചിരുന്നു. ഇതോടെ കുറച്ച് ദിവസം പ്രവൃത്തി വേഗത്തിലായിരുന്നു. ഇപ്പോൾ പഴയ പടി തന്നെയാണ് കാര്യങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button