Thiruvambady

നഷ്ടമാണെങ്കിൽ ഞാൻ ഓടിക്കാം’; ഫേസ്ബുക്ക് കമന്റിന് പിന്നാലെ രണ്ട് ബസുകളുടെ നടത്തിപ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകന് കൈമാറാൻ ബസുടമ

തിരുവമ്പാടി: സർക്കാർ നടപ്പാക്കിയ പ്രിയദർശിനി കെ.എസ്.ആർ.ടി.സി. ബസുകളിലെ സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസുകൾ നഷ്ടത്തിലായെന്ന് ചൂണ്ടിക്കാട്ടി ഒരു ബസുടമ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് താഴെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജ്മൽ രേഖപ്പെടുത്തിയ കമന്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ബസുടമയുടെ പോസ്റ്റിന് താഴെ “നഷ്ടമാണെങ്കിൽ എനിക്ക് തന്നോ… ഞാൻ ഓടിക്കാം” എന്നായിരുന്നു അജ്മലിന്റെ കമന്റ്. ഇതിന് പിന്നാലെ അജ്മലിന്റെ സഹായ മനോഭാവത്തെ അഭിനന്ദിച്ചുകൊണ്ട് ബസുകളുടെ നടത്തിപ്പ് അദ്ദേഹത്തിന് കൈമാറാൻ തീരുമാനിച്ചതായി ബസുടമ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കോടഞ്ചേരി–തിരുവമ്പാടി–മുക്കം റൂട്ടിൽ സർവീസ് നടത്തുന്ന KL 57 AB 9070 (ടി.എം.എസ്.) ബസും, കൊടക്കാട്ടുപാറ–തിരുവമ്പാടി–മുക്കം റൂട്ടിലെ KL 57 AD 6823 (കെ.എം.എസ്.) ബസുമാണ് അജ്മലിന് നടത്തിപ്പിനായി നൽകുന്നതെന്ന് പോസ്റ്റിൽ പറയുന്നു.

ബസുകളുടെ മാസ അടവും മറ്റ് നടത്തിപ്പ് ചെലവുകളും നടത്തിപ്പുകാരൻ വഹിക്കണമെന്നും, അതിന് ശേഷമുള്ള വരുമാനം നടത്തിപ്പുകാരന് എടുക്കാമെന്നുമാണ് ധാരണ. ആവശ്യമായ ജീവനക്കാർ നിലവിലുണ്ടെന്നും, സാമ്പത്തിക സഹായം ഒഴികെയുള്ള എല്ലാ പിന്തുണയും നൽകുമെന്നും ബസുടമ വ്യക്തമാക്കുന്നു.

സർക്കാർ പ്രഖ്യാപിച്ച 50 ശതമാനം നികുതി ഇളവിന്റെ പശ്ചാത്തലത്തിൽ നിലവിൽ നേരിടുന്ന നഷ്ടം നികത്താനാകുമെന്ന അജ്മലിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നും ബസുടമ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button