Thiruvambady

കൂടരഞ്ഞിയിൽ റിസോ‍ട്ട് ജീവനക്കാരനായ യുവാവിനെ കണ്ടെത്തി

തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് വനമേഖലയിൽ കാണാതായ ഊട്ടി സ്വദേശിയെ ഒടുവിൽ കണ്ടെത്തി. കാട്ടിലെ പാറപ്പുറത്ത് ഇരിക്കുകയായിരുന്ന യുവാവിനെ സമീപവാസിയാണ് ചൊവ്വാഴ്ച വൈകുന്നേരം കണ്ടെത്തിയത്.മാനസികാസ്വാസ്ഥ്യമുണ്ടെന്നു സംശയിക്കുന്ന യുവാവിനെ അനുനയിപ്പിച്ച് ബസിൽ തിരുവമ്പാടി പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോരുകയായിരുന്നു.

കോത്തഗിരി കുണ്ടൂർ ഷങ്കറിന്റെ മകൻ സതീഷ് (33) നെയാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ തമ്പുരാൻകൊല്ലി ഭാഗത്തുനിന്നു കാണാതായത്. തുടർന്ന് പോലീസും വനപാലകരും നാട്ടുകാരും കാടടച്ചുള്ള തിരച്ചിലിലായിരുന്നു.ഏതാനും ദിവസംമുൻപ് കൂട്ടുകാരോടൊപ്പം പൂവാറൻതോടിലെ റിസോർട്ടിൽ ഇൻഡസ്ട്രിയൽ വർക്കിനായെത്തിയതായിരുന്നു. കാട്ടിലേക്ക് കയറിപ്പോകുന്നതു കണ്ടതായി കൂടെയുണ്ടായിരുന്നവർ പറഞ്ഞിരുന്നു. തലേദിവസം ഇയാളുടെ കുഞ്ഞിനെ ആരോ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയതായി സ്വപ്നം കണ്ടിരുന്നതായി കൂട്ടുകാരോട് പറഞ്ഞിരുന്നുവത്രേ.

യുവാവ് നടന്നുപോകുന്ന ദൃശ്യം സമീപവീട്ടിലെ സി. സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗഭീഷണി രൂക്ഷമായ വനമേഖലയാണിത്. തിരച്ചിലിനിടയിലും രണ്ടു കാട്ടാനകൾ പ്രത്യക്ഷപ്പെട്ടു. തോക്കുകൾ ഉൾപ്പെടെ ആയുധങ്ങളുമായായിരുന്നു തിരച്ചിൽ. കൊടുംകാടും കുത്തനെയുള്ള കയറ്റിറക്കങ്ങളും മഴയും വെല്ലുവിളികളായിരുന്നു.

വനംവകുപ്പ് താമരശ്ശേരി റെയ്ഞ്ചിന്റെയും ആനക്കാംപൊയിൽ സ്റ്റേഷന്റെയും അധീനതയിൽപ്പെടുന്ന മേഖലയാണ്. ഗ്രാമ പ്പഞ്ചായത്തംഗം റോയ് ആക്കേലിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ തിരച്ചിലും ഊർജിതമായിരുന്നു. യുവാവിൽനിന്ന്‌ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുകയാണെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button