Mukkam

കാരശ്ശേരി ബാങ്ക് സംരക്ഷണ സമിതി മാർച്ച്; ബാങ്കിനെ തകർക്കാൻ ശ്രമമെന്ന് ആരോപണം

മുക്കം: കാരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിന്റെ പേരിൽ ബാങ്കിനെ നശിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ബാങ്ക് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നിയമിതനായ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ ബാങ്കിന്റെ പ്രവർത്തനം താളം തെറ്റിക്കുകയാണെന്നും, ബാങ്കിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയവരെയും അഴിമതി ആരോപണം നേരിടുന്നവരെയും മുൻനിർത്തിയാണ് ഭരണം നടക്കുന്നതെന്നും സംരക്ഷണ സമിതി ആരോപിച്ചു.

ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ തിരിമറി നടത്തിയെന്ന ആരോപണം നേരിടുന്ന ചില മുൻ ഭരണസമിതി അംഗങ്ങളും, ബാങ്കിലെ അംഗങ്ങൾ പോലും അല്ലാത്ത ചിലരും ചേർന്ന് ബാങ്കിന്റെ സുഗമമായ പ്രവർത്തനം അട്ടിമറിക്കുകയാണെന്നും സമരക്കാർ പറഞ്ഞു. കാരശ്ശേരിയിലെ ജനങ്ങൾക്ക് ആശ്രയമായ ബാങ്കിനെ സാമ്പത്തികമായി തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു.

കാരശ്ശേരി ബാങ്കിനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സമരക്കാർ വ്യക്തമാക്കി.
മാർച്ചിന് ശേഷം നടന്ന ധർണ ബാങ്ക് സംരക്ഷണ സമിതി ചെയർമാനും സിപിഎം ഏരിയ സെക്രട്ടറിയുമായ വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയർമാൻ കെ.പി. ഷാജി അധ്യക്ഷത വഹിച്ചു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതാവ് കെ.ടി. ബിനു, ബാങ്ക് സംരക്ഷണ സമിതി കൺവീനർ കെ. ശിവദാസൻ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ, വൈസ് പ്രസിഡന്റ് എം. ദിവ്യ, സി. ദേവരാജൻ, കെ.പി. വിനു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button