കൂടരഞ്ഞിയിലെ കൊടുംവളവ് പരിഹാരം കാണണം

തിരുവമ്പാടി : കൂടരഞ്ഞി-മുക്കം പൊതുമരാമത്ത് റോഡിൽ താഴെ കൂടരഞ്ഞിയോട് ചേർന്ന പാലക്കിയിൽവളവ് നിവർത്തണമെന്ന ആവശ്യമുയരുന്നു. വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന റോഡിൽ അപകടം പതിയിരിക്കുകയാണ്.
കൊടുംവളവുകാരണം എതിരേ വരുന്ന വാഹനങ്ങൾ എളുപ്പം ശ്രദ്ധയിൽപ്പെടില്ല. തിമിർത്തുപെയ്യുന്നമഴയിൽ വാഹനങ്ങളുടെ ശബ്ദക്കുറവും പൊടുന്നനെ വെട്ടിക്കുന്നതിനിടെ പലപ്പോഴും വാഹനങ്ങൾ നിയന്ത്രണംവിടുന്നു. ഇരുവശവും കാടുകയറി കിടക്കുന്നതും ഭീഷണിയാകുന്നു. കക്കാടംപൊയിൽ, പൂവാറൻതോട് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പ്രധാന റോഡുകളിലൊന്നാണിത്.
മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡായതിനാൽ ഭാരവാഹനങ്ങളുടെയടക്കം എണ്ണം വർധിച്ചിരിക്കുകയാണ്. അപകടവളവ് കാൽനടയാത്രക്കാർക്കും ഭീഷണിയാണ്. വീതികുറഞ്ഞ റോഡായതും അപായഭീഷണി കൂട്ടുന്നു. വളവുനിവർത്തി റോഡ് വികസിപ്പിക്കാൻ അടിയന്തരനടപടി വേണമെന്ന് ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷനായി. ആർ.ജെ.ഡി. ന്യൂനപക്ഷ സെൽ സംസ്ഥാനപ്രസിഡന്റ് പി. എം. തോമസ് ഉദ്ഘാടനംചെയ്തു. വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തുങ്കൽ, മുഹമ്മദ്കുട്ടി പുളിക്കൽ, പി. അബ്ദുറഹ്‌മാൻ, സജി പെണ്ണാപറമ്പിൽ, ജോസ് തോമസ് മാവറ, ജോളി പൊന്നംവരിക്കയിൽ, ജോളി പൈക്കാട്ട്, സജി പെണ്ണാപറമ്പിൽ, ജിൻസ് അഗസ്ത്യൻ, ഷീബാ റോയ് നെച്ചികാട്ടിൽ, മാത്യു വർഗീസ്, സോളമൻ മഴുവഞ്ചേരിൽ തുടങ്ങിയവർ സംസാരിച്ചു.



