ദേശീയ പുരസ്കാര ജേതാവ് ജോഷി ബെനഡിക്റ്റിന് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആദരം

തിരുവമ്പാടി: രണ്ടാം തവണയും ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി നാടിന്റെ അഭിമാനമായി മാറിയ ചിത്രകാരനും ഗ്രാഫിക് നോവലിസ്റ്റുമായ പുല്ലൂരാംപാറ സ്വദേശി ജോഷി ബെനഡിക്റ്റിനെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മില്ലി മോഹന്റെ നേതൃത്വത്തിലാണ് ആദരമർപ്പിച്ചത്. ജോഷി സംവിധാനം ചെയ്ത ടച്ച്ഡ് ആസ് വാട്ടർ എന്ന ചിത്രത്തിനാണ് മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള ഈ വർഷത്തെ ദേശീയ പുരസ്കാരം ലഭിച്ചത്.
പുരസ്കാര ജേതാവിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ ജനപ്രതിനിധികളായ ജോഷി പുല്ലുകാട്ടിൽ, സോണി മണ്ഡപത്തിൽ, ദീപാ ഷൈജോ, സജ്ന തോരപ്പ സാമൂഹ്യപ്രവർത്തകരായ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ ഷിജു ചെമ്പനാനി, മേഴ്സി പുളിക്കാട്ട്, സോമി വെട്ടുകാട്ടിൽ, അൽഫോൻസ് ഷിജു, ആൻസി ജോഷി തുടങ്ങിയവർ പങ്കെടുത്തു. നാടിന്റെ പെരുമ ദേശീയതലത്തിൽ വീണ്ടും ഉയർത്തിപ്പിടിച്ച ജോഷി ബെനഡിക്റ്റിന്റെ നേട്ടം വളർന്നുവരുന്ന കലാകാരന്മാർക്ക് വലിയ പ്രചോദനമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.



