Thiruvambady

പന്നിക്കൂട്ടത്തിനു നടുവിൽ പൊന്നുവിളയിച്ച് യുവകർഷകൻ

തിരുവമ്പാടി : ജീവനും സ്വത്തിനും ഭീഷണിയായി എങ്ങും കാട്ടുപന്നികൾ ഒറ്റയ്ക്കും കൂട്ടമായും സ്വൈരവിഹാരം നടത്തുമ്പോൾ പന്നിക്കൂട്ടത്തിനു നടുവിൽ മണ്ണിൽ പൊന്നുവിളയിച്ച് യുവകർഷകൻ. വിശ്വസിക്കാൻ പ്രയാസം തോന്നാം. എന്നാൽ കാട്ടുപന്നിയുടെയും മുള്ളൻപന്നിയുടെയും അതിരൂക്ഷമായ ശല്യമുള്ള പ്രദേശങ്ങളിൽ ഈ കർഷകന്റെ തോട്ടങ്ങളിൽ വാഴയും കപ്പയും പച്ചക്കറികളുമെല്ലാം വിളഞ്ഞു നിൽക്കുകയാണ്.

മടവൂർ മലയിലത്തൂട്ട് അബൂബക്കർ വിവിധയിടങ്ങളിലായി നടത്തുന്ന കൃഷിയിടങ്ങളിലാണ് കാട്ടുപന്നികളെ ചെറുക്കാൻ വേറിട്ട പരീക്ഷണം. മത്സ്യവലകൾ കമ്പി വേലികളോട് ചേർത്തുകെട്ടി താഴേക്കു കുറച്ചധികം ദൂരത്തിൽ വലകളിടുകയും കുറച്ചുഭാഗം മണ്ണിലേക്കാഴ്ത്തിവെക്കുകയും ചെയ്യുന്നതാണ് രീതി.
മത്സ്യത്തൊഴിലാളികളിൽനിന്നാണ് വലകൾ വാങ്ങിയത്. പന്നികളിൽ നിന്നു രക്ഷതേടി ഇതിനകം ഒട്ടേറെ രീതികൾ അവലംബിച്ചെങ്കിലും ശാശ്വതപരിഹാരം ഇപ്പോഴാണുണ്ടായതെന്ന് ഇദ്ദേഹം പറയുന്നു. നേരത്തേ കോൺക്രീറ്റ് കാലിൽ നല്ല ഉറപ്പുള്ള രീതിയിൽ സ്ഥാപിച്ച കമ്പിവേലിയിൽനിന്നു വിളകളെ സംരക്ഷിച്ചുപോന്നിരുന്നെങ്കിലും കപ്പയും മറ്റും വിളവെടുക്കാറാകുമ്പോൾ ഒരു പുതിയ ശത്രു അബൂബക്കറിനെ തേടിയെത്തി.

മുൻപ് വനങ്ങളിൽമാത്രം കണ്ടുവന്നിരുന്ന ഇപ്പോൾ നാട്ടിൽ യഥേഷ്ടം വിഹരിക്കുന്ന മുള്ളൻപന്നികളായിരുന്നു അത്. രാത്രിസമയങ്ങളിൽ ഇറങ്ങുന്ന മുള്ളൻപന്നിയെ നിയന്ത്രിക്കാൻ ഒരു മാർഗവും ഇല്ലായിരുന്നു. ഈ അവസരത്തിലാണ് നിരന്തര ആലോചനയുടെ ഫലമായി മത്സ്യവല പരീക്ഷിച്ചാലോ എന്ന ചിന്ത വരുന്നത്. ഒന്നരവർഷം മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈരീതി ഫലപ്രദമായതോടെ വിളകൾ പടർന്നു പന്തലിച്ചുനിൽക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button