Koodaranji

ജൻ ഔഷധി മരുന്നുക്ഷാമം പരിഹരിക്കണം: ആർ.ജെ.ഡി

കൂടരഞ്ഞി : സംസ്ഥാനത്തെ ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിലെ മരുന്നുക്ഷാമം പരിഹരിക്കാനും 14 ജില്ലകളിലും കേന്ദ്ര ഔട്ട്ലെറ്റുകൾ ആരംഭിച്ച് മരുന്നുവിതരണം കാര്യക്ഷമമാക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനതാദൾ (ആർ.ജെ.ഡി.) കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രധാന ഔട്ട്ലെറ്റുകളിൽ പോലും മരുന്നുകൾ ലഭ്യമല്ലാത്തത് സംസ്ഥാനത്തെ ജൻ ഔഷധി സ്റ്റോറുകളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മരുന്നുകൾ സമയബന്ധിതമായി ലഭിക്കാത്തതിനാൽ പല സ്റ്റോറുകളും അടച്ചിടേണ്ട സാഹചര്യമാണുള്ളത്. സാധാരണക്കാരുടെ ആശ്രയമായ ജൻ ഔഷധി പദ്ധതിയുടെ പ്രവർത്തനം സുഗമമാക്കാൻ വിതരണസംവിധാനം ശക്തിപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പഞ്ചായത്ത് കമ്മിറ്റി യോഗം ആർ.ജെ.ഡി. ന്യൂനപക്ഷ സെൽ സംസ്ഥാന പ്രസിഡന്റ് പി.എം. തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, കിസാൻ ജനത സംസ്ഥാന സെക്രട്ടറി ജോൺസൺ കുളഞ്ഞുങ്കൽ, ജില്ലാ കമ്മിറ്റി അംഗം പി. അബ്ദുറഹിമാൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗം ഷീബ നെച്ചിക്കാട്ടിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button