Thiruvambady

പൊതുക്കുളത്തിൽ നിന്ന് വെള്ളമെടുക്കുന്നത് തടയുന്നതായി പരാതി: അധികാരികൾ ഇടപെടണമെന്ന് ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ്

തിരുവമ്പാടി: പതിറ്റാണ്ടുകളായി പ്രദേശവാസികളായ പതിനാല് കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന പൊതുക്കുളത്തിൽ നിന്നും വെള്ളമെടുക്കുന്നത് തടയുന്നതായി പരാതി. തിരുവമ്പാടി പഞ്ചായത്തിലെ പൊന്നാങ്കയം അഞ്ചാം വാർഡിലെ കുളത്തെച്ചൊല്ലിയാണ് നിലവിൽ തർക്കം രൂക്ഷമായിരിക്കുന്നത്.

ഇരുപത് വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് ഫണ്ടും ഗുണഭോക്തൃ വിഹിതവും വിനിയോഗിച്ച് നവീകരിക്കുകയും നാട്ടുകാർ സംരക്ഷിച്ചുപോരുകയും ചെയ്ത കുളമാണിത്. എന്നാൽ, കുളം സ്ഥിതി ചെയ്യുന്ന പറമ്പിന്റെ ഉടമസ്ഥൻ പ്രദേശവാസികൾക്ക് വെള്ളമെടുക്കാനോ പൈപ്പ് ലൈനുകൾ സ്ഥാപിക്കാനോ സമ്മതിക്കുന്നില്ല ഇട്ട പൈപ്പുകൾ വെട്ടിമുറിക്കുകയും ചെയ്യുന്നു എന്നാണ് നാട്ടുകാരുടെ പരാതി.
മറ്റ് കുടിവെള്ള സ്രോതസ്സുകളൊന്നുമില്ലാത്ത ഇവിടെ കടുത്ത വേനലിലും അല്ലാതെയുമുള്ള കുടിവെള്ളക്ഷാമം മൂലം പ്രദേശത്തെ കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ്. വിഷയം പരിഹരിക്കുന്നതിനായി വാർഡ് മെമ്പർ സോണി മണ്ഡപം ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിരവധി തവണ ചർച്ചകൾ നടത്തുകയും ജില്ലാ കളക്ടർക്കടക്കം പരാതി നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഭൂവുടമ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്ന് നിലവിൽ പ്രശ്നം പോലീസ് കേസ് വരെ എത്തിനിൽക്കുകയാണ്. എന്നിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ജനങ്ങളുടെ അടിസ്ഥാന അവകാശമായ കുടിവെള്ളം മുട്ടിക്കുന്ന ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് സ്ഥലം സന്ദർശിച്ച ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ. മുഹമ്മദ് ആവശ്യപ്പെട്ടു. കുടിവെള്ളം നിഷേധിക്കുന്ന നിലപാടിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button