Mukkam

സി.കെ കാസിം എംഎൽഎയുടെ ഇടപെടൽ ഫലം കണ്ടു; കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ അപാകതകൾ ജൂലൈ 1-നകം പരിഹരിക്കും

മുക്കം: കിലോമീറ്ററിന് നാല് കോടിയിലധികം രൂപ ചെലവഴിച്ച് നവീകരിച്ച കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ വിവിധ അപാകതകൾ ജൂലൈ 1-നകം പരിഹരിക്കാൻ തീരുമാനം. തിരുവമ്പാടി എംഎൽഎ സി.കെ കാസിമിന്റെ ഇടപെടലിനെ തുടർന്നാണ് വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചത്.

ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സി.കെ കാസിം എംഎൽഎ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, കെ.എസ്.ടി.പി. പ്രതിനിധികൾ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. റോഡിലെ മുഴുവൻ മേജർ-മൈനർ അറ്റകുറ്റപ്പണികളും ഓടവൃത്തിയാക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികളും ജൂലൈ 1-നകം പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് കർശന നിർദേശം നൽകി.

കത്താത്ത തെരുവുവിളക്കുകൾ മാറ്റിസ്ഥാപിക്കൽ, മാഞ്ഞുപോയ റോഡ് മാർക്കിംഗുകൾ പുനഃസ്ഥാപിക്കൽ, നശിച്ച ദിശാബോർഡുകൾ പുനഃക്രമീകരിക്കൽ തുടങ്ങിയ നടപടികളും സ്വീകരിക്കും. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടകൾ വൃത്തിയാക്കുകയും റോഡരികിലെ കാടുകളും പുല്ലുകളും നീക്കുകയും ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.
ചില ഭാഗങ്ങളിൽ പകുതി വീതിയിൽ നടത്തിയ ബിസി ടാറിംഗ് പരിശോധിച്ച് അപകടസാധ്യതയുണ്ടെങ്കിൽ മുഴുവൻ വീതിയിലും പുനർടാറിംഗ് നടത്താനും നിർദേശിച്ചു. റോഡ് ഇരുചക്രവാഹന യാത്രക്കാർക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും യോഗം നിർദേശിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ നിർദേശപ്രകാരമുള്ള ഹാൻഡ് റെയിൽ, കലുങ്ക് ഉൾപ്പെടെയുള്ള പ്രവൃത്തികളും പൂർത്തിയാക്കും.

റോഡിൽ അപകടങ്ങളും മരണങ്ങളും തുടർന്ന സാഹചര്യത്തിൽ മുൻ സർക്കാർ കാലത്ത് മോട്ടോർ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത് വകുപ്പ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയുടെ റിപ്പോർട്ട് മാസങ്ങളായി പുറത്തുവരാതെ കിടക്കുകയായിരുന്നു. ഇതിനെതിരെ സി.കെ കാസിം രംഗത്തെത്തുകയും കഴിഞ്ഞ മാസം നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കലക്ടർ യോഗം വിളിച്ചത്.സംയുക്ത റിപ്പോർട്ടിൽ റോഡിലെ അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഗുരുതര കണ്ടെത്തലുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെ നടത്തിയ ചില അറ്റകുറ്റപ്പണികൾ ഫലപ്രദമായിരുന്നില്ലെന്നും പരാതികൾ ഉയർന്നിരുന്നു.

സംസ്ഥാന പാതയിലെ നിർമാണ തകരാറുകൾ കരാർ വ്യവസ്ഥ പ്രകാരം പരിഹരിക്കുന്നതിൽ പി.ഡബ്ല്യു.ഡി.-കെ.എസ്.ടി.പി. വിഭാഗങ്ങൾക്ക് വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മീഷനും കണ്ടെത്തിയിരുന്നു. കരാർ കമ്പനിയെ കരാർ വ്യവസ്ഥകൾ പാലിപ്പിക്കാനും നിർദേശങ്ങൾ അനുസരിക്കാത്ത പക്ഷം പിഴ, ഡിഫോൾട്ട് നടപടി, കരിമ്പട്ടികയിൽ ഉൾപ്പെടുത്തൽ എന്നിവ പരിഗണിക്കാനും കമ്മീഷൻ നിർദേശിച്ചിരുന്നു.

റോഡ് താഴ്ന്നുപോകൽ, അശാസ്ത്രീയ ഡ്രൈനേജ് നിർമാണം, റോഡിന്റെ വീതി കുറയൽ, വെള്ളക്കെട്ട്, ഗുണനിലവാരക്കുറവുള്ള നിർമാണ സാമഗ്രികളുടെ ഉപയോഗം, കോൺക്രീറ്റ് സ്ലാബുകളുടെ പൊട്ടൽ തുടങ്ങിയ പരാതികൾ നേരത്തെ തന്നെ ഉയർന്നിരുന്നു. മുക്കം, ഓമശ്ശേരി, എരഞ്ഞിമാവ് മേഖലകളിൽ ഉൾപ്പെടെ നിരവധി ഭാഗങ്ങളിൽ യാത്രക്കാർ ദുരിതം നേരിടുന്നതായും പരാതിയുണ്ട്.

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചെലവിലാണ് കൊയിലാണ്ടി–പൂനൂർ, പൂനൂർ–ഓമശ്ശേരി, ഓമശ്ശേരി–എരഞ്ഞിമാവ് എന്നീ മൂന്ന് റീച്ചുകളിലായി സംസ്ഥാന പാത നവീകരിച്ചത്. 12 മീറ്റർ കാര്യേജ് വേ, ഡ്രൈനേജ്, നടപ്പാത, ഹാൻഡ് റെയിൽ, തെരുവുവിളക്കുകൾ, ജംഗ്ഷൻ സൗന്ദര്യവത്കരണം എന്നിവ ഉൾപ്പെടുന്ന ആധുനിക സൗകര്യങ്ങളോടെയായിരുന്നു പദ്ധതി നടപ്പാക്കിയത്.

മാസങ്ങളായി ജനങ്ങളും യാത്രക്കാരും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് സി.കെ കാസിം എംഎൽഎയുടെ ഇടപെടലിലൂടെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button