Thiruvambady

കെഎസ്ആർടിസി ബസിൽ കണ്ടക്ടറെ തോക്കു ചൂണ്ടി കവർച്ച: പ്രതി 36 വർഷത്തിനു ശേഷം പിടിയിൽ

തിരുവമ്പാടി: കെഎസ്ആർടിസി ബസിൽ കണ്ടക്ടറെ തോക്കു ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രതി 36 വർഷത്തിനു ശേഷം പിടിയിൽ. മലപ്പുറം ഊർങ്ങാട്ടേരി സ്വദേശി വി കെ ജോസിനെ(66) തിരുവമ്പാടി പൊലീസാണ് അറസ്റ്റ് ചെയ്തത്. മൈസൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്. ശിവകുമാർ എന്ന പേരിൽ മൈസൂരുവിൽ ഭാര്യയ്ക്കൊപ്പം അപ്പാർട്മെന്റിൽ താമസിച്ചു വരികയായിരുന്നു.

വി കെ ജോസ് 1990ലാണ് കേരളത്തിൽ വച്ച് ഡ്രൈവറെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. തിരുവമ്പാടി – കൂമ്പാറ ബസ് യാത്ര അവസാനിപ്പിച്ച സമയത്താണ് പ്രതി ബസിൽ എത്തി തോക്ക് ചൂണ്ടി പണം കവർന്നത്. ഈ സംഭവത്തിൽ തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തുടർന്ന് കേരളത്തിൽ നിന്നും മുങ്ങിയ ജോസ് മൈസൂരുവിലെത്തി പെയ്ന്റിങ് ജോലികളിൽ ഏർപ്പെട്ടു വന്നു. ഇവിടെ വച്ച് വിവാഹവും കഴിച്ചു. ഇതിനിടെ രണ്ടു പെൺമക്കളുടെ വിവാഹവും കഴിഞ്ഞു. കഴിഞ്ഞ ആഴ്ച ജോസ് വഴക്കിട്ടതിനെ തുടർന്ന് ഭാര്യ പൊലീസ് എമർജൻസി നമ്പറായ 112ൽ വിളിച്ചപ്പോൾ നരസിംഹരാജ പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയാണ് നിർണായകമായത്.

താൻ കിടന്നിരുന്ന സ്ഥലം ആരെക്കൊണ്ടും വൃത്തിയാക്കിപ്പിക്കാൻ ജോസ് തയാറായിരുന്നില്ലെന്ന വിവരം പൊലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കിടക്കയുടെ അടിയിൽ നിന്ന് തോക്കും ചില രേഖകളും കണ്ടെത്തി.സംശയം തോന്നിയ പൊലീസ് രേഖകളിലുള്ള വിവരം വച്ച് കേരള പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button