തുഷാരഗിരിയിൽ വനിതകളുടെ വനയാത്ര ഇന്ന്

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തും തിരുവമ്പാടി അൽഫോൻസാ കോളേജും സംയുക്തമായി തുഷാരഗിരിയിൽ വനിതകളുടെ വനയാത്ര സംഘടിപ്പിക്കുന്നു.ഇന്ന് ജൂലൈ 22-ന് രാവിലെ 9.30-ന് തുഷാരഗിരിയിൽ നിന്നാണ് വനയാത്ര ആരംഭിക്കുക.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഫ്ലാഗ് ഓഫ് നിർവഹിക്കും. പ്രകൃതിയെയും വനസമ്പത്തിനെയും അടുത്തറിയുന്നതിനൊപ്പം സാഹസിക വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് വനിതകൾക്കായി പ്രത്യേക വനയാത്ര ഒരുക്കിയിരിക്കുന്നത്. പ്രകൃതി സംരക്ഷണ ബോധവൽക്കരണം, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ, വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കൽ എന്നിവയും പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളാണ്.
പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥിനികൾ, വിവിധ മേഖലകളിലെ വനിതകൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.



